ഐ.എസ് തകര്‍ത്ത മൊസൂളിലെ രണ്ട് ചര്‍ച്ചുകള്‍ യു.എ.ഇ പുനര്‍ നിര്‍മിക്കും

ദുബായ് : ഐ.എസ് തകര്‍ത്ത ഇറാഖ് മൊസൂളിലെ രണ്ട് ചര്‍ച്ചുകള്‍ യു.എ.ഇ പുനര്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൊസൂള്‍ നഗരത്തിന്റെ സാംസ്‌കാരിക പൈതൃക പുനര്‍നിര്‍മാണത്തിന് 50.4 ദശലക്ഷം ഡോളര്‍ നല്‍കാനും യു.എ.ഇ തീരുമാനിച്ചിരുന്നു.

800 വര്‍ഷം പഴക്കമുള്ള അല്‍ താഹിറ സിറിയന്‍ കാത്തലിക് ചര്‍ച്ച്, 18ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട അല്‍ സആ ചര്‍ച്ച് എന്നിവയുടെ പുനര്‍നിര്‍മാണ ദൗത്യമാണ് യു.എ.ഇ ഏറ്റെടുത്തത്. 840 വര്‍ഷം പഴക്കമുള്ള അല്‍ നൂറി പള്ളി 45 മീറ്റര്‍ ഉയരമുള്ള അല്‍ ഹദ്ബ മിനാരമുള്‍പ്പെടെ പുനര്‍നിര്‍മിക്കുന്നതിനുള്ള പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ഉള്ളത്.

മൊസൂളിന്റെ ആത്മാവ് വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ ഒരുക്കുന്ന ദൗത്യത്തിലെ പങ്കാളിത്ത ഉടമ്പടി പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഒപ്പുവെച്ചു. വെളിച്ചം വീശുന്ന സന്ദേശമാണ് ഉടമ്പടിയെന്ന് ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ച യു.എ.ഇ സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി നൂറ അല്‍ കഅബി പറഞ്ഞു. പഴമയുടെ ഒരു ഭാഗം പുനര്‍നിര്‍മിക്കുക വഴി ഇറാഖിന് അതിന്റെ ഭാവിയെ സഹിഷ്ണുതയിലൂന്നി പടുത്തുയര്‍ത്താന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാഖിലെ ചര്‍ച്ചുകള്‍ പുനര്‍നിര്‍മിക്കുന്ന ആദ്യ ലോക രാഷ്ട്രമാണ് യു.എ.ഇ. വിവിധ മത-വംശ സംഘങ്ങള്‍ പരസ്പര സഹകരണത്തില്‍ കഴിഞ്ഞു പോന്ന നഗരത്തിന്റെ യഥാര്‍ഥ സത്ത തിരിച്ചു പിടിക്കാന്‍ ഈ ദൗത്യം വഴിയൊരുക്കുമെന്ന് യുനെസ്‌കോ ജനറല്‍ ഡയറക്ടര്‍ ഔഡ്രീ അസോലേ അഭിപ്രായപ്പെട്ടു.

Top