യുഎഇയിലെ സ്വകാര്യ മേഖലയിലും ഹിജ്‌റ വര്‍ഷാരംഭ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഹിജ്‌റ വര്‍ഷാരംഭം അനുബന്ധിച്ചുള്ള അവധി ദിനം സെപ്റ്റംബര്‍ 13ന് ആയിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയ്ക്കും അതേ ദിവസം തന്നെയായിരിക്കും അവധിയെന്നാണ് മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചത്.

യുഎഇയിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 13ന് അവധി നല്‍കുമെന്ന് തിങ്കളാഴ്ച തന്നെ യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് സ്വകാര്യ മേഖലയ്ക്കും സെപ്റ്റംബര്‍ 13ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലെ പൊതു അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 16 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ചുള്ള പുതുവര്‍ഷപ്പിറവി (1440 മുഹറം 1) മാസപ്പിറവി ദൃശ്യമാവുന്നതനുസരിച്ച് രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ എമിറേറ്റ് ഭരണാധികാരികള്‍, യുഎഇയിലെ ജനങ്ങള്‍, മറ്റ് അറബ് രാജ്യങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ക്യാബിനറ്റ് ആശംസകള്‍ നേര്‍ന്നു.

Top