ഇത്തരക്കാരെ എന്റെ നാട്ടില്‍ കയറ്റേണ്ട; സീ ന്യൂസ് എഡിറ്ററെ പുറത്താക്കി യുഎഇ രാജകുമാരി !

അബുദാബി: സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെ അബുദാബിയിലെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എ.ഇ രാജകുമാരി ഹിന്ദ് ഫൈസല്‍ അല്‍ ഖാസിം. ‘എന്തിനാണ് ശാന്തമായ എന്റെ നാട്ടിലേക്ക് അസഹിഷ്ണുവായ ഈ ഭീകരനെ കൊണ്ടുവരുന്നത് ? യുഎഇയിലേക്ക് അത്തരം വിദ്വേഷക്കാരെ ഞാന്‍ സ്വാഗതം ചെയ്യില്ല’ എന്നായിരുന്നു ഇവര്‍ ട്വീറ്റ് ചെയ്തത്.

അബുദാബി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് കൂട്ടായ്മ നവംബര്‍ 25, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി ചൗധരിയെ ക്ഷണിച്ചതിനെതിരെയായിരുന്നു ഹിന്ദിന്റെ പ്രതികരണം. ഇതിന് പിന്നാലെ ചടങ്ങില്‍ നിന്ന് ചൗധരിയെ ഒഴിവാക്കിയതായും രാജകുമാരി അറിയിച്ചു.

സി.എ.എ വിരുദ്ധ സമരങ്ങളെ ഭീകരവാദമായി ചിത്രീകരിച്ചും കൊറോണയുടെ തുടക്കത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും സീന്യൂസ് നടത്തിയ വാര്‍ത്താ പരിപാടികള്‍ ഏറെ വിവാദമായിരുന്നു. ഭൂമി ജിഹാദ്, ലൗ ജിഹാദ് തുടങ്ങിയ വ്യാജവാര്‍ത്തകളും തന്റെ ചാനല്‍ ഷോയിലൂടെ ചൗധരി നിരന്തരം പ്രചരിപ്പിച്ചിരുന്നു.

‘സുധീര്‍ ചൗധരിയെ അബുദാബി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പാനലില്‍നിന്ന് ഒഴിവാക്കി’ എന്ന കുറിപ്പോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങള്‍ എഴുതിയ കത്തിന്റെ പകര്‍പ്പും ഇവര്‍ ട്വീറ്റില്‍ പങ്കുവെച്ചു.

Top