ഒമാന്‍ സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് മസ്‍കത്തിൽ

മസ്‍കത്ത്: രണ്ട് ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ മസ്‍കത്തിലെത്തി. വിമാനത്താവളത്തിൽ ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു.

യുഎഇ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം ഒമാൻ അതിര്‍ത്തിയിൽ പ്രവേശിച്ചപ്പോൾ മുതൽ ഒമാൻ വ്യോമസേനയുടെ പോര്‍വിമാനങ്ങൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. ഒമാൻ സുൽത്താന്റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മുഹമ്മദ് മസ്‍കത്തിലെത്തിയത്.

ഒമാന്‍ ഭരണാധികാരിക്കൊപ്പം ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സൈദ്, റോയല്‍ കോര്‍ട്ടിന്റെ ചുമതലയുള്ള മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫീസ് കാര്യ മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഐമി, ആഭ്യന്തര മന്ത്രി സയ്യിഗ് ഹമൂദ് ബിന്‍ ഫൈസല്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, യുഎഇയിലെ ഒമാന്‍ അംബസഡര്‍ സയ്യിദ് ഡോ. അഹ്‍മദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, ഒമാനിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ സുവൈദി തുടങ്ങിയവരും യുഎഇ ഭരണാധികാരിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അല്‍ ആലം കൊട്ടാരത്തില്‍ വെച്ച് യുഎഇ പ്രസിഡന്റും ഒമാന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്ര നേതാക്കളും പരസ്‍പരം ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Top