മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം കളിക്കുന്നത് സ്വപ്നം കണ്ട് യുഎഇ താരം മുഹമ്മദ് ജവാദുള്ള

ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്കൊപ്പം കളിക്കുന്നത് സ്വപ്നം കണ്ട് യുഎഇ താരം മുഹമ്മദ് ജവാദുള്ള. ഇലക്ട്രീഷ്യനായിരുന്ന ജവാദുള്ള ക്രിക്കറ്റിലേക്കുള്ള യാത്ര യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. പാകിസ്ഥാനില്‍ ജനിച്ച ജവാദ് യുഎഇയിലേക്ക് കുടിയേറുകയായിരുന്നു. അബുദാബി ടി10 ലീഗില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിന്റെ താരമാണ്. ഫൈനലില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ജവാദിനായിരുന്നു. ടീം വിജയിക്കുകയും ചെയ്തു.

നിരവധി ക്രിക്കറ്റ് താരങ്ങളെപ്പോലെ, ഐപിഎല്ലിലും കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇഷ്ടതാരം ധോണിയും. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം താരം പങ്കുവച്ചു. ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സില്‍ തന്റെ സഹതാരമായ മുഹമ്മദ് ആമിറിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതിനെ കുറിച്ചും ജവാദ് സംസാരിച്ചു. ”അമീറിനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കും. അദ്ദേഹം എന്റെ ടീമില്‍ ഉണ്ടായിരുന്നത് വലിയ സന്തോഷം നല്‍കി. എനിക്ക് വെല്ലുവിളികള്‍ നേരിടുമ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ഞാന്‍ ആരാധിച്ച ഒരാള്‍ എന്റെ ബൗളിംഗിനെ അഭിനന്ദിച്ചപ്പോള്‍ അത് ശരിക്കും അതിശയകരമായിരുന്നു.” ജവാദുള്ള പറഞ്ഞു.

അത്ര സാധാരണമായിരുന്നില്ല ജവാദിന്റെ യാത്ര. മറ്റൊരു രാജ്യത്തേക്കുള്ള കുടിയേറ്റം, പുതിയ സംസ്‌കാരവുമായി പൊരുത്തപ്പെടാനുള്ള വെല്ലുവിളികള്‍, പരിശീലനത്തിന്റെ അഭാവം എന്നിവയെല്ലാം ജവാദിന് നേരിടേണ്ടിവന്നു. എന്നാല്‍ പിന്നീടുള്ള വളര്‍ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ജവാദുള്ളയുടെ ആദ്യ വര്‍ഷത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍, വിദേശ ലീഗുകളില്‍ സ്റ്റാര്‍ പേസറിന് അവസരങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല.

Top