3 വയസ് മുതലുള്ള കുട്ടികൾക്ക് വാക്‌സിന്‍ നൽകാനൊരുങ്ങി യുഎഇ

അബുദാബി: കുട്ടികളിൽ കൊവിഡ് വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി യുഎഇ. 3നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നൽകാനുള്ള പദ്ധതിയുമായി യുഎഇ. കുട്ടികളിലെ പ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വാക്‌സിന്‍ എന്തു മാറ്റങ്ങളാണ് ഉണ്ടാക്കുക എന്ന കാര്യം കണ്ടെത്തുന്നതിന് വേണ്ടിയാണിത്.

ചൈനീസ് വാക്‌സിനായ സിനോഫാം ആണ് കുട്ടികളില്‍ പരീക്ഷണാര്‍ഥം നല്‍കുക. അബൂദാബി ആരോഗ്യ വകുപ്പ് ഈ പരീക്ഷണത്തിന് അനുവാദം നല്‍കിക്കഴിഞ്ഞതായി അബൂദാബി മീഡിയ ഓഫീസ് അറിയിച്ചു.

സിനോഫാം വാക്‌സിന്‍ കുട്ടികളുടെ കൊവിഡിനെതിരായ പ്രതിരോധത്തില്‍ ഏതു രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാക്കുകയെന്ന് കണ്ടെത്തുന്നതിനായി 900 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുകയെന്നും മീഡിയ ഓഫീസ് അറിയിച്ചു.

രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുകയുള്ളൂ. അതേസമയം സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണം വിജയം കാണുകയാണെങ്കില്‍ യുഎഇയിലെ ഈ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും.

Top