യുഎഇ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് ; നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനവുമായി പ്രവാസികള്‍

ദുബായ്: യുഎഇയില്‍  റിക്രൂട്ട്‌മെന്റ് തട്ടിപ്പിനിരയായി കുടുങ്ങിയ 300ലേറെ മലയാളി നഴ്‌സുമാര്‍ക്ക് സഹായ വാഗ്ദാനവുമായി പ്രവാസികളുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സ്ഥാപനങ്ങള്‍. ഇവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന വാഗ്ദാനവുമായാണ് സ്ഥാപന ഉടമകള്‍ മുന്നോട്ടുവന്നിരിക്കുന്നത്.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, റൈറ്റ് ഹെല്‍ത്ത്, എന്‍എംസി ഹെല്‍ത്ത് കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് നഴ്‌സുമാര്‍ക്ക് ജോലി നല്‍കാമെന്ന് ഏറ്റിരിക്കുന്നത്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന രണ്ട് ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്നും യുഎഇയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ക്ക് യോഗ്യതയും തൊഴില്‍ പരിചയവും അനുസരിച്ച് ജോലി നല്‍കാമെന്നും സ്ഥാപന ഉടമ മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായിലെ പ്രൊഫഷനല്‍ ലൈസന്‍സ് ഇല്ലാത്തവരെയും ജോലിക്കെടുക്കും. അവരുടെ വിസ നടപടികള്‍ ആരംഭിക്കുകയും ലൈസന്‍സ് നേടിയെടുക്കുന്നതിന് നഴ്‌സുമാരെ സഹായിക്കുകയും ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു. ലൈസന്‍സിന് ആവശ്യമായ യോഗ്യതയില്ലാത്തവര്‍ക്ക് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി നല്‍കും

Top