യു.എ.ഇയിൽ വാക്സിനെടുക്കാത്തവരുടെ യാത്രകൾക്ക്‌ വിലക്ക്‌

യു.എ.ഇയിൽ വാക്സിനെടുക്കാത്തവരുടെ യാത്രകൾക്ക്‌ വിലക്ക്‌. യാത്രകൾക്കും ചില സേവനങ്ങൾക്കുമാവും വിലക്കുകൾ നിലവിൽ വരിക. വാക്സിനെടുക്കാതിരിക്കുക, വൈകിക്കുക തുടങ്ങിയ പ്രവൃത്തികൾ രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കൂടുതൽ വെല്ലുവിളിയുയർത്തുന്നതാണെന്ന് അടിയന്തര, ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. വാക്സിനേഷൻ പ്രവർത്തനങ്ങൾ സജീവമാക്കിയ സാഹചര്യത്തിൽ എല്ലാവരും വാക്സിനെടുക്കാൻ മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്. 16 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിനെടുക്കാവുന്നതാണ്. യു.എ.ഇയിൽ ഇതിനകം 9.76 ദശലക്ഷം ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. സിനോഫം, സ്പുട്നിക്, ഫൈസർ, അസ്ട്രസെനക, ഓക്സ്ഫഡ് എന്നീ വാക്സിനുകളാണ് യു.എ.ഇയിൽ നൽകിവരുന്നത്.

വാക്‌സിൻ സ്വീകരിച്ചവരിൽ വിരളമായി കൊറോണ  ബാധ റിപ്പോർട്ടുചെയ്യുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലേക്ക് എത്തുകയില്ല എന്നതും പ്രതീക്ഷയാണ്. അബുദാബിയിൽ വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച ആരും കൊറോണ  ബാധിച്ച് മരിച്ചിട്ടില്ലെന്നും പൊതു ആരോഗ്യകേന്ദ്രം അറിയിച്ചു. വാക്സിൻ സ്വീകരിച്ചവർക്ക് പിന്നീടസുഖം വന്നാലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും ഐ.സിയുവിലാവുന്നതിനും 95 ശതമാനം സാധ്യതയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.അതു കൊണ്ടു തന്നെ കോറോണക്കെതിരെയുള്ള പോരാട്ടത്തിൽ വാക്സീനുകൾക്ക് വൻപ്രാധാന്യമാണുള്ളതെന്നും അധികൃതർ ചൂണ്ടികാട്ടി.

Top