യു.എ.ഇ. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരമൊരുങ്ങുന്നു

അബുദാബി: യു.എ.ഇ.യുടെ അടുത്ത 50 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമൊരുങ്ങുന്നു. 2400 കോടി ദിര്‍ഹം മുതല്‍ മുടക്കില്‍ സ്വകാര്യമേഖലയില്‍ 75,000 തൊഴിലവസരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി. ഇതുപ്രകാരം വിദ്യാര്‍ഥികള്‍ക്കും പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്കും ബിസിനസ് വികസനഫണ്ടായി 100 കോടി ദിര്‍ഹം മാറ്റിവെക്കും.

സര്‍ക്കാര്‍ സഹകരണത്തോടെയുള്ള സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുട്ടികള്‍ക്കായി പ്രത്യേക അലവന്‍സ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, ബിസിനസ് ആരംഭിക്കാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആദ്യകാലവിരമിക്കല്‍ പദ്ധതികള്‍ എന്നിവ ഇതിലുള്‍പ്പെടും. അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥ വാര്‍ത്തെടുക്കുന്നത് ദേശീയ ഉത്തരവാദിത്വമാണെന്ന ആശയത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് യു.എ.ഇ. കാബിനറ്റ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു.

ജനങ്ങളുടെ ശാക്തീകരണവും സമ്പദ്ഘടനയുടെ സുസ്ഥിരതയുമാണ് അടുത്ത 50 വര്‍ഷത്തെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന 50 വര്‍ഷം സംഭവബഹുലമായിരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തനപദ്ധതി യു.എ.ഇ. സര്‍ക്കാര്‍ വ്യക്തമാക്കിയത്.

 

Top