നാലു വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ 55,000ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

microsoft

അബുദാബി: മൈക്രോസോഫ്റ്റ്, ക്ലൗഡ് സേവന കമ്പനികള്‍ എന്നിവര്‍ ചേര്‍ന്ന് നാലുവര്‍ഷത്തിനകം യുഎഇയില്‍ 55,000ല്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പഠനം.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി), ക്ലൗഡ് സേവനങ്ങള്‍, മൈക്രോസോഫ്റ്റ് ആവാസ വ്യവസ്ഥ എന്നിവ വഴി 2017മുതല്‍ 2022 വരെ യുഎഇയിലെ തൊഴിലവസരങ്ങളിലുള്ള മാറ്റങ്ങളെ കുറിച്ചാണ് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ പഠനം നടത്തിയത്.

യുഎഇ വിഷന്‍ 2021, സ്മാര്‍ട്ട് ദുബായ് തുടങ്ങിയ പ്രമുഖ സര്‍ക്കാര്‍ പദ്ധതികളിലൂടെ വിനോദസഞ്ചാരം, ആരോഗ്യമേഖല, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെങ്കിലും രാജ്യത്തെ ഐടി മേഖലയിലെ നിക്ഷേപത്തിലും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും കൂടി ഈ പദ്ധതികള്‍ സഹായകമായതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ പൊതുമേഖലയിലുള്ള ക്ലൗഡ് സേവനങ്ങളിലേക്കുള്ള ചെലവ് കഴിഞ്ഞ വര്‍ഷം 439 മില്യണ്‍ ദിര്‍ഹം ആയിരുന്നത് 2022 ല്‍ 1.51 ബില്യണ്‍ ദിര്‍ഹം (410 മില്യണ്‍ ഡോളര്‍) ആകുമെന്നും ഐസിടി വിലയിരുത്തി.

2017-2022 കാലയളവില്‍ ക്ലൗഡ് സേവനങ്ങളില്‍ നിന്നു മാത്രമായി 31,650 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇതേ കാലയളവില്‍ മൈക്രോസോഫ്റ്റ് ടെക്‌നോളജി വഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം 23,800 ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൊത്തത്തില്‍ 55,450 തൊഴിലവസരങ്ങള്‍ രാജ്യത്തുണ്ടാകും. മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, സേവന, വിതരണ ശൃംഖലകളില്‍ മാത്രമായി കഴിഞ്ഞ വര്‍ഷം കമ്പനി പിന്തുണച്ചത് 71,250 തൊഴിലാളികളെയാണ്. യുഎഇയുടെ ഡിജിറ്റല്‍വല്‍ക്കരണത്തിനായുള്ള ലക്ഷ്യത്തെ സാധൂകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്ലൗഡ് സേവനങ്ങളിലൂടെ ലഭ്യമാകുന്നതെന്നും പഠനത്തില്‍ സൂചനയുണ്ട്. പുതിയ ട്രെന്‍ഡിലൂടെ അടുത്ത നാലു വര്‍ഷത്തിനുളളില്‍ മേഖലയില്‍ 20 ബില്യണ്‍ ദിര്‍ഹം വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷയുള്ളത്.

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഉപഭോക്തൃ സേവനങ്ങള്‍ക്കായി അബുദാബിയിലും ദുബായിലും പുതിയ ക്ലൗഡ് ഡാറ്റ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.

Top