യുഎഇ- ഇസ്രായേൽ ചരിത്ര കരാർ ; ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെക്കും

ദുബായ് : യുഎഇ- ഇസ്രായേൽ സമാധാന ഉടമ്പടിയിൽ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെക്കും. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിലാണ് ഒപ്പുവെക്കൽ ചടങ്ങുകൾ നടക്കുക. കൂടുതൽ അറബ് രാജ്യങ്ങൾ മാറ്റത്തിന് തയാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും ഇസ്രായേലും.

 

ഗൾഫ് രാജ്യങ്ങൾ ഇതാദ്യമായാണ് ഇസ്രായേലുമായി കൈകോർക്കുന്നത്. ഈജിപ്തും ജോർദ്ദാനും മാത്രമാണ് ഇതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യങ്ങൾ. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായാണ് കരാർ ഒപ്പുവെക്കുക. യു.എ.ഇയിൽ നിന്ന് മന്ത്രിമാരായ അബ്ദുല്ല ബിൻ തൗഖ് അൽ മറി, ഉബൈദ് ബിൻ ഹുമൈദ് അൽതായർ, റീം ബിൻത് ഇബ്രാഹീം അൽ ഹാഷ്മി തുടങ്ങിയവരും സംഘത്തിലുണ്ട്.

 

ഇസ്രായേലുമായി എല്ലാ തുറകളിലും അടുത്ത ബന്ധം രൂപപ്പെടുത്താനാണ് യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചിരിക്കുന്നത്. കരാർ ഒപ്പുവെച്ചാലുടൻ ഇരു രാജ്യങ്ങളിലേക്കും വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലി ഉൽപന്നങ്ങളുമായി ആദ്യ കാർഗോ വിമാനം നാളെ അബൂദബിയിൽ എത്തും.

Top