യു.എ.ഇയില്‍ ദേശീയ അണുനശീകരണത്തിന് തുടക്കമായി

ദുബായ്: ദേശീയ അണുനശീകരണ പ്രവര്‍ത്തനത്തിന് വ്യാഴാഴ്ച രാത്രി യു.എ.ഇയില്‍ തുടക്കം കുറിച്ചു. ഞായറാഴ്ച രാവിലെ വരെ രാജ്യത്തെ പൊതുവാഹനങ്ങള്‍, താമസ ഇടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അനുനാശന പ്രവര്‍ത്തനം നടത്തും. ഈ സമയം രാജ്യത്തെ താമസക്കാര്‍ക്ക് അതീവ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് ജയിലും പിഴയും ഉള്‍പ്പെടെ കര്‍ശന ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും യു.എ.ഇ ആരോഗ്യ മേഖലയുടെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസനി വ്യക്തമാക്കി.

ഊര്‍ജം, ടെലി കമ്യൂണികേഷന്‍, പബ്ലിക് മീഡിയ, ആരോഗ്യം,സുരക്ഷ, പൊലീസ്, എയര്‍പോര്‍ട്ട്, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി ആവശ്യാര്‍ഥം പുറത്തുപോകാം. ഇവരുടെ തിരിച്ചറിയല്‍ ജോലി രേഖകള്‍ പരിശോധിച്ച ശേഷമാണ് പുറത്തിറങ്ങാന്‍ അനുമതി നല്‍കുക. രാജ്യത്തിന്റെ സുപ്രധാനമായ ഈ ദൗത്യത്തില്‍ സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവുമെന്ന് അഭ്യന്തര മന്ത്രാലയത്തിലെ ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ലാ അല്‍അഹ്മദും അറിയിച്ചു.

Top