കേരളത്തിന് യുഎഇ പ്രഖ്യാപിച്ച ധനസഹായം വാങ്ങണമെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി : യുഎഇ കേരളത്തിനായി പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. ഇക്കാര്യത്തില്‍ അനാവശ്യ വിവാദം ഒഴിവാക്കണം. കേരളത്തിനായി നരേന്ദ്രമോദി എല്ലാവരുടെയും സഹായം സ്വീകരിക്കണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി രൂപ തുച്ഛമാണെന്നും മുന്‍ മന്ത്രി പറഞ്ഞു.

മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്നും ധനസഹായം സ്വീകരിക്കുന്നതില്‍ അപാകതയില്ല.

രക്ഷാപ്രവര്‍ത്തനം ഏകദേശം അവസാനിച്ചു, ഇനി വേണ്ടത് പുനര്‍ നിര്‍മ്മാണമാണ്, അതിന് മറ്റ് രാജ്യങ്ങളുടെ സഹായം തേടാം. ഗുജറാത്ത്‌ ഭൂകമ്പം, ഒഡീഷ ചുഴലിക്കാറ്റിന് ശേഷം ഒക്കെ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയ മന്ത്രിയായിരുന്നു താനെന്നും സിന്‍ഹ സാക്ഷ്യപ്പെടുത്തി. വിദേശകാര്യ മന്ത്രിയായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച ആളാണ് താന്നെനും അതിനാല്‍ നയങ്ങളെല്ലാം തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

ചിലസമയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ സംഭാവന നല്‍കാന്‍ വലിയ നിബന്ധനകള്‍ വയ്ക്കാറുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ കടുത്ത നിബന്ധനകള്‍ പാലിച്ച് സഹായം വാങ്ങേണ്ടതില്ലെന്ന് എ.ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തീരുമാനിച്ചിരുന്നു. രക്ഷാപ്രവര്‍ത്തന സമയത്ത് അടിയന്തര സഹായം വാങ്ങേണ്ടതില്ലെന്ന് മന്‍മോഹന്‍ സിംഗും തീരുമാനിച്ചു. എന്നാല്‍ പുനര്‍ നിര്‍മ്മാണത്തിന് സഹായം സ്വീകരിക്കാമെന്നാണ് നിലവിലെ നയമെന്നും അതിനുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യണമെന്നും യശ്വന്ത് സിന്‍ഹ വാദിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വളരെ തുച്ഛമാണെന്നും 200 കോടിയെങ്കിലും ഇടക്കാല ആശ്വാമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top