യു.എ.ഇയില്‍ കനത്ത മഴക്ക് സാധ്യത ; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി : യു.എ.ഇയില്‍ ഇന്ന് മുതല്‍ പരക്കെ കനത്ത മഴക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ രാത്രി വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

പുറത്തിറങ്ങുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്‍കി. കാറ്റില്‍ അന്തരീക്ഷത്തില്‍ പൊടിനിറയുന്നതിനാല്‍ ദൂരക്കാഴ്ച കുറയും.

ഉള്‍ക്കടല്‍ തീരത്ത് കനത്തമഴ മേഘങ്ങള്‍ രൂപപ്പെടുന്നതിനാലാണ് തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് മേഖലകളില്‍ യെല്ലോ അര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ ഉയരും. കടല്‍ പ്രക്ഷുബ്ദമായിരിക്കും എന്നതിനാല്‍ തീരത്ത് പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നലെ രാത്രി മുതല്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാണ്. റാസല്‍ഖൈമയിലെ ജബല്‍ ജൈസ്, ഷാര്‍ജയിലെ ഖൊര്‍ഫുക്കാന്‍, ഫുജൈറ തീരം എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു.

Top