കൊവിഡ് കേസുകള്‍ കുറയുന്നു, കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി യുഎഇ

ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി യുഎഇ. രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദുബായിലെ കൊവിഡ് കേസുകള്‍ ആയിരത്തിനു താഴെക്ക് എത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണ് ദുബായില്‍ രേഖപ്പെടുത്തിയത്. വിവാഹങ്ങള്‍, തീയേറ്ററുകള്‍, സ്‌റ്റേഡിയങ്ങള്‍, മരണാന്തര ചടങ്ങുകള്‍ എന്നിവക്ക് പങ്കെടുക്കുന്നതിനാണ് ഇളവുകള്‍ നല്‍കിയിട്ടുളളത്. പളളികളിലും മറ്റ് ആരാധനാലയങ്ങളിലും സമൂഹിക അകലം ഒരു മീറ്ററായി കുറയ്ക്കും.

ഇളവുകള്‍ നല്‍കിയെങ്കിലും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആരാധന നടത്തുന്നവര്‍ക്കിടയില്‍ അകലം പാലിക്കുന്ന നടപടി പൂര്‍ണമായി ഒഴിവാക്കും. സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ എല്ലാ സന്ദര്‍ശകരും അവരുടെ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസോ പിസിആര്‍ നെഗറ്റീവ് ഫലമോ ഉണ്ടായിരിക്കണം.

രണ്ടു ഡോസ് വാക്‌സിന്‍ എടുക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉണ്ടായിരിക്കണം. 930 കൊവിഡ് കേസുകളാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ നൂറ് ശതമാനം ജനങ്ങള്‍ക്കും കൊവിഡ് വാക്‌സീന്‍ ഒന്നാം ഡോസ് നല്‍കിയതായും 95 ശതമാനം ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയും വ്യക്തമാക്കി.

Top