UAE government seizes Dawood Ibrahim’s assets worth Rs 15,000 crore

ദുബായ്; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി രൂപയുടെ വിലമതിപ്പുള്ള സ്വത്ത് വകകൾ യു എ ഇ ഭരണകൂടം കണ്ട് കെട്ടിയതായി റിപ്പോർട്ട്.

ഇന്ത്യ യുഎഇ ഭരണകൂടത്തിന് നൽകിയ രഹസ്യ റിപ്പോർട്ട് മുൻനിർത്തിയാണ് നടപടിയെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനവേളയിൽ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് സംബന്ധമായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ക്ക് ലഭിച്ച വിവരങ്ങൾ കൈമാറിയിരുന്നു. ഇതിനു ശേഷം പിന്നീട് കൂടുതൽ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവൽ തന്നെ നേരിട്ട് കൈമാറുകയുണ്ടായി.

ഇന്ത്യയിൽ മുംബൈ സ്ഫോടന പരമ്പരയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളിൽ സൂത്രധാരനായ ദാവൂദിനെ വിട്ട് നൽകാൻ നിരവധി വർഷങ്ങളായി ഇന്ത്യ പാക്കിസ്ഥാനോട് സമ്മർദ്ദം ചൊലുത്തി വരികയായിരുന്നു.എന്നാൽ പാക്കിസ്ഥാൻ ദാവൂദിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.ഇതേ തുടർന്നാണ് ദാവൂദിന്റെ ചിറകരിയാൻ ഇന്ത്യ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിച്ചത്.

വിദേശത്ത് വൻ ബിസിനസ്സ് സാമ്രാജ്യമുള്ള ദാവൂദിന് ഏറ്റ വലിയ പ്രഹരമാണ് ഇപ്പോഴത്തെ യുഎഇ സർക്കാറിന്റെ നടപടി.ഇതിന് സമാനമായ പല നടപടികളും തുടർന്നും അരങ്ങേറുമെന്നാണ് ലഭിക്കുന്ന വിവരം.

പാക്കിസ്ഥാന് പുറത്ത് കടന്നാൽ ഇന്ത്യ ദാവൂദിനെ റാഞ്ചാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത കാലതൊന്നും ദാവൂദ് പാകിസ്ഥാന് പുറത്ത് കടന്നിട്ടില്ലന്നാണ് നിഗമനം.

പാക് ഭീകര സംഘടനകളും ചാര സംഘടനയായ ഐ എസ് ഐയുമാണ് ദാവൂദിന് സംരക്ഷണം നൽകി വരുന്നത്.

Top