വെര്‍ച്വല്‍ വര്‍ക്ക് വിസയുമായി യുഎഇ

ദുബായ്: ലോകത്തിന്റെ ഏത് ഭാഗത്ത് ജോലി ചെയ്യുന്നവര്‍ക്കും ദുബായില്‍ താമസിക്കാന്‍ അവിടെയിരുന്ന് റിമോട്ടായി തൊഴിലെടുക്കാനും അവസരം നല്‍കുന്ന വെര്‍ച്വല്‍ വര്‍ക്ക് വിസ വരുന്നു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് പുതിയ വിസാ പദ്ധതി പ്രഖ്യാപിച്ചത്. അതോടൊപ്പം എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.ദുബായില്‍ താമസിച്ചുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള സ്ഥാപനങ്ങളിലും റിമോട്ടായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് വെര്‍ച്വല്‍ വര്‍ക്ക് വിസ. ജോലി നല്‍കുന്ന കമ്പനിയുടെ ആസ്ഥാനം യുഎഇക്ക് പുറത്ത് മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍ പോലും ഈ വിസ ലഭിക്കും. വിദേശത്തു ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്കാണ് ദുബായില്‍ താമസ വിസ നല്‍കുക. ഇതാദ്യമായാണ് ഒരു രാജ്യം ഈ രീതിയിലുള്ള വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നത്.

തീരുമാനത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ അധ്യക്ഷതയില്‍ അല്‍ വത്വന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.അതോടടൊപ്പം എല്ലാ രാജ്യക്കാര്‍ക്കും ഒന്നിലേറെ തവണ യുഎഇയില്‍ വന്നു പോകാവുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കാനും കാബിനറ്റ് യോഗം തീരുമാനിച്ചു. ഉയര്‍ന്ന പ്രഫഷനലുകള്‍, നിക്ഷേപകര്‍, സംരംഭകര്‍, അവരുടെ കുടുംബക്കാര്‍ എന്നിവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഒന്നിലധികം തവണ യുഎഇയിലേക്ക് വന്നുപോകാവുന്ന വിസിറ്റ് വിസയ്ക്ക് കഴിഞ്ഞ ജനുവരിയില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതോടൊപ്പം ജുഡീഷ്യറിയെ കൂടുതലായി ഡിജിറ്റല്‍വല്‍ക്കരിക്കാനും യൂറോപ്യന്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റുമായും ന്യൂ ഡെവലപ്‌മെന്റ് ബാങ്കുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആഗോള സാമ്പത്തിക തലസ്ഥാനമെന്ന നിലയ്ക്കുള്ള യുഎഇയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വെര്‍ച്വല്‍ വര്‍ക്ക് വിസ, മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ തുടങ്ങിയ നവീനമായ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അക്കൗണ്ടില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ശെയ്ഖ് മുഹമ്മദ് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പങ്കാളിത്തം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണ്. രാജ്യത്തിന്റെ വികസന യാത്ര ഒരിക്കലും അവസാനിക്കില്ലെന്ന സന്ദേശമാണ് പുതിയ തീരുമാനങ്ങളിലൂടെ യുഎഇ ലോകത്തിന് നല്‍കാന്‍ ശ്രിക്കുന്നതെന്നും ശെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Top