ഗള്‍ഫ് രാജ്യങ്ങള്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നതായി സൂചന

റിയാദ്: അമേരിക്കയില്‍ ജോ ബെയ്ഡന്റെ നേതൃത്വത്തിലുള്ള ഡമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള പുതിയ മിഡിലീസ്റ്റ് നയങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നതായി സൂചന. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്‌റഫ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി സൗദി തലസ്ഥാനമായ റിയാദില്‍ നടത്തിയ കൂടിക്കാഴ്ച ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ചൈനയും ജിസിസി രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലച്ചുപോയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് അന്തിമ കരാറില്‍ എത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിന് ആവശ്യമായ പിന്തുണ ജിസിസി രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top