യുഎഇ വ്യാഴാഴ്ച ദേശീയദിന സുവർണ ജൂബിലി ആഘോഷിച്ചു

മനാമ: യുഎഇ വ്യാഴാഴ്ച ദേശീയദിന സുവർണ ജൂബിലി ആഘോഷിച്ചു. രാജ്യമെമ്പാടും ദീപാലങ്കാരവും വെടിക്കെട്ടും സ്‌കൈഡൈവിങ്ങും സംഗീതനിശയും സംഘടിപ്പിച്ചു. സ്വദേശി പൈലറ്റുമാർ 50 വിമാനം ഉൾപ്പെടുത്തി മാനത്ത് ദുശ്യവിസ്മയം തീർത്തു.  പ്രവാസികളും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

സുസ്ഥിര വികസനപാതയിലെ യാത്ര യുഎഇ തുടരുമെന്ന് പ്രസിഡന്റ് പ്രിൻസ് ഖലീഫ ബിൻ സായ്ദ അൽ നഹ്യാൻ പറഞ്ഞു. 50 വർഷത്തിൽ യുഎഇ കൈവരിച്ച നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. ഭാവി സുരക്ഷിതമാക്കാനുള്ള തന്ത്രപരമായ കാഴ്ചപ്പാടോടെയാണ് അടുത്ത 50 വർഷത്തിനായി തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരാഴ്ചത്തെ ആഘോഷമാണ് നടക്കുന്നത്. എല്ലാ സ്വകാര്യസ്ഥാപനത്തിലെയും ജീവനക്കാർക്ക്‌ ശമ്പളത്തോടെ മൂന്ന് ദിവസത്തെ അവധി നൽകി.

രാജ്യത്തെത്തുന്ന യാത്രക്കാർക്ക്‌ രണ്ടാഴ്ചത്തേക്ക് എമിറേറ്റ് ഫ്രീ എക്‌സ്‌പോ 2020ന്റെ സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ദുബായിലെ യൂണിയൻ ഹൗസ് എന്നറിയപ്പെടുന്ന അൽദിയാഫ പാലസിൽ 1971 ഡിസംബർ രണ്ടിനാണ് യുഎഇയുടെ പിറവി. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖ്‌വൈൻ, ഫുജൈറ എന്നീ ആറ് എമിറേറ്റാണ് ആദ്യം അംഗമായത്. അടുത്ത വർഷം ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നു. 200 രാജ്യത്തുനിന്നുള്ള പ്രവാസികൾ യുഎഇയിലുണ്ട്‌. ഇതിൽ 17 ലക്ഷത്തോളം മലയാളികളാണ്‌.

 

Top