യു.എ.ഇയിൽ ഇനി ബ്രെയിൽ ലിപിയിലും മെഡിസിൻ ലേബൽ

ദുബായ്: യു.എ.ഇയില്‍ കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ച വൈകല്യങ്ങളുള്ളവര്‍ക്കും എഴുതാനും വായിക്കാനും സാധ്യമാകുന്ന ബ്രെയില്‍ ലിപിയില്‍ മരുന്ന് നിര്‍ദേശ ലേബല്‍ തയ്യാറാക്കുന്നു. യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയം, സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ (ഇസെഡ്.എച്ച്.ഒ.) പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ (ഡബ്ല്യൂ.എച്ച്.ഒ.) എന്നിവയുടെ സഹകരണത്തോടെയാണ് ബ്രെയില്‍ ലിപി മെഡിസിന്‍ ലേബല്‍ സമാരംഭം. നിശ്ചയദാര്‍ഢ്യമുള്ള ആളുകളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം.

വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും ബ്രെയില്‍ ലേബലിങ് തയ്യാറാക്കുക. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഓരോ കുടുംബത്തിലും ഇതുമായി ബന്ധപ്പെട്ട സര്‍വേ നടത്തി സ്വീകാര്യത വിലയിരുത്തും. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനും പദ്ധതിയുണ്ട്. കൂടാതെ ഫാര്‍മസിസ്റ്റുകളുമായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും ആരോഗ്യമന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തും.

യു.എ.ഇയിലെ വിവിധ ദേശീയതകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനായി അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ബ്രെയില്‍ ലേബലുകള്‍ ലഭ്യമാക്കുകയെന്ന് പൊതുജനാരോഗ്യ നയ ലൈസന്‍സ് വകുപ്പിന്റെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അമിന്‍ ഹുസൈന്‍ അല്‍ അമിരി പറഞ്ഞു. ലോകത്ത് ആദ്യമായി മെഡിസിനുകളില്‍ ബ്രെയില്‍ ലിപി ഉപയോഗിക്കുന്ന രാജ്യമാണ് യു.എ.ഇ.

Top