യു എ ഇയില്‍ ബാങ്കുകള്‍ ഈടാക്കുന്ന ഫീസിനും കമ്മീഷനും ഉയര്‍ന്ന പരിധി

യു എ ഇ : ബാങ്കുകള്‍ ഈടാക്കുന്ന ഫീസ്, കമ്മീഷന്‍ എന്നിവക്ക് ഉയര്‍ന്ന പരിധി നിശ്ചയിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചു. എണ്ണയിതര സമ്പദ് ഘടനക്ക് ഊര്‍ജം പകരുന്നതോടൊപ്പം പ്രവാസികള്‍ക്ക് പ്രോത്സാഹനം പകരാനും നടപടി ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഭവന വായ്പക്കു പുറമെ ക്രെഡിറ്റ് കാര്‍ഡുകളിലെ ലേറ്റ് ഫീ ഉള്‍പ്പെടെ റീട്ടെയില്‍ ഉപഭോക്തൃ ബാങ്കിങ്ങ് സേവനങ്ങള്‍ക്കാണ് സെന്‍ട്രല്‍ ബാങ്ക് ഉയര്‍ന്ന പരിധി നിര്‍ണയിച്ചത്. ബാങ്കുമായി ബന്ധപ്പെട്ട 43 തരത്തിലുള്ള നിരക്കുകള്‍ക്ക് ഫീസ് പരിധി ബാധകമായിരിക്കും. അനാരോഗ്യകരവും പ്രതിലോമപരവുമായ രീതികളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തുണയാകാന്‍ നിരക്കു പരിധി ഗുണം ചെയ്യുമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി.

വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ യു.എ.ഇ സ്വീകരിച്ചു വരുന്ന ബഹുമുഖ നടപടികളുടെ തുടര്‍ച്ചയാണ് ഈ നീക്കമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എണ്ണയിതര സമ്പദ് ഘടനക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

തൊഴിലന്വേഷകര്‍ക്ക് ഉദാര വിസാ സംവിധാന, വിദേശ ജോലിക്കാരെ നിയമിക്കുന്ന കമ്പനികള്‍ക്കുള്ള പുതിയ ഇളവ്, ഫ്രീസോണിനു പുറത്തും നൂറു ശതമാനം പങ്കാളിത്തത്തില്‍ കമ്പനി രൂപവത്കരണം എന്നീ നടപടികളും അടുത്തിടെ യു.എ. ഇ കൈക്കൊണ്ടിരുന്നു. യു.എ.ഇയില്‍ 88 ശതമാനത്തോളം വിദേശികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ അവരുടെ സമ്പാദ്യം രാജ്യത്തിനു തന്നെ ഉപകരിക്കുന്ന നീക്കങ്ങളാണിപ്പോള്‍ ഭരണകൂടം ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.

Top