യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കൈ മുറിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കൈമുറിഞ്ഞ നിലയില്‍ കണ്ടെത്തി. ജയ്‌ഘോഷിന്റെ വീടിനു സമീപത്തുനിന്ന് ഇടതു കൈയില്‍ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ജയ്ഘോഷ് ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ് പോലീസിനോട് പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ജയ്ഘോഷ് പോലീസിനോട് പറഞ്ഞതായാണ് വിവരം.

വ്യാഴാഴ്ച രാത്രിയാണ് ഗണ്‍മാനെ കാണാതായത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുമ്പയിലെ വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായത്.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ജയ്‌ഘോഷ്. മൂന്ന് വര്‍ഷമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഗണ്‍മാന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും ജയ്‌ഘോഷുമായി ഫോണില്‍ ബന്ധപ്പെട്ടതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്.

Top