സ്വര്‍ണക്കടത്ത് കേസില്‍ സഹകരണം തുടരുമെന്ന് യുഎഇ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയുടെ സഹകരണം തുടരുമെന്നും അന്വേഷണം തുടരുകയാണെന്നും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അവിടുത്തെ അന്വേഷണ ഏജന്‍സികളുമായി സംസാരിച്ചേക്കും.

കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും നിരന്തരം വീക്ഷിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ആവശ്യമായ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രിയും കത്ത് നല്‍കിയ സാഹചര്യത്തില്‍ സിബിഐ ഡയറക്ടര്‍ പ്രാഥമിക വിലയിരുത്തല്‍ കേന്ദ്രത്തെ അറിയിച്ചു.

കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാം എന്നാണ് സിബിഐ നിലപാട്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ , ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടുവെന്ന് വ്യക്തമായാല്‍ സിബിഐക്ക് നേരിട്ട് വിഷയത്തില്‍ ഇടപെടാനാകും. എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.

സ്വര്‍ണ്ണം വരുന്നത് തീവ്രവാദ സംഘടനകള്‍ക്കാണോ എന്നാണ് പരിശോധന. യുഎഇയില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലവില്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അവിടുത്തെ ഉന്നത അധികൃതരുമായി സംസാരിക്കുമെന്നാണ് സൂചന.

Top