അടുത്ത വര്‍ഷം നടക്കേണ്ട ടി 20 ലോകകപ്പിന് യുഎഇയും ശ്രീലങ്കയും ബാക്ക്അപ്പ് വേദികളാകും

ദുബായ്: ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് ശ്രീലങ്കയെയും യുഎഇയെയും ബാക്ക്അപ്പ് വേദികളായി ഐസിസി പരിഗണിക്കുന്നതായി സൂചന. ലോകകപ്പ് നടക്കാന്‍ ഒരു വര്‍ഷമുണ്ട് എന്നിരിക്കേ ഇന്ത്യ തന്നെ വേദിയാവാനാണ് സാധ്യത.

ബാക്ക്അപ്പ് വേദികള്‍ നിശ്ചയിക്കുന്നത് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പതിവായുള്ള രീതിയാണെന്ന് ഐസിസി വിശദീകരിച്ചു. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്.

2016ലാണ് അവസാനമായി ടി20 ലോകകപ്പ് നടന്നത്. അന്ന് വെസ്റ്റ് ഇന്‍ഡീസ് ആയിരുന്നു ചാംപ്യന്മാര്‍. അന്നും ഇന്ത്യ തന്നെയായിരുന്നു ലോകകപ്പിന്റെ വേദി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം എഡിഷന്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു.

Top