പതിനായിരങ്ങള്‍ക്ക് തുണയായിരുന്ന യു.എ.ഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും

അബുദാബി : യു.എ.ഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരായ വിദേശികള്‍ക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അനുവദിച്ച പൊതുമാപ്പ് പതിനായിരങ്ങള്‍ക്ക് തുണയായിരുന്നു.

ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു തുടക്കത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് വിവിധ എംബസികളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടു തവണ ഓരോ മാസം വീതം പൊതുമാപ്പ് നീട്ടിയത്.

രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാന്‍ സാധിച്ചവര്‍ നിരവധിയാണ്. അര ലക്ഷത്തിലേറെ പേര്‍ പൊതുമാപ്പ് പ്രയോജനെപ്പടുത്തി നാട്ടിലേക്ക് മടങ്ങിയെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ് അറിയിച്ചു. നിയമലംഘകര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്ക് അര ലക്ഷം ദിര്‍ഹം വീതം പിഴ ഈടാക്കും.

യു.എ.ഇയിലെ ഒന്‍പതു കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തോളം അപേക്ഷകരാണ് എത്തിയത്. ഇതില്‍ ദുബയിലും അബുദാബിയിലുമാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ എത്തിച്ചേര്‍ന്നത്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, ആഫ്രിക്ക, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് രാജ്യക്കാരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ കൂടുതല്‍.

Top