യു.എസ്. സൈനികര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാന്‍ സായുധസംഘങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ ; ജോ ബൈഡന്‍

വാഷിങ്ടണ്‍: വടക്കന്‍ ഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാന്‍ പിന്തുണയുള്ള സായുധസംഘങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ യു.എസ്. സൈനികരില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിനെ വാട്സണ്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള കതൈബ് ഹിസ്ബുള്ളയും അനുബന്ധ സംഘങ്ങളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ യുദ്ധമാരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തിനെതിരെ ഭീഷണികളും നടപടികളും വര്‍ധിച്ചിരുന്നു. ചെങ്കടലിലെ വാണിജ്യ- സൈനിക കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ ഇറാനെ യു.എസ്. കുറ്റപ്പെടുത്തി.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, മെറിലാന്‍ഡിലെ ക്യാമ്പ് ഡേവിഡ് പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ ക്രിസ്മസ് ആഘോഷിക്കുകയായിരുന്ന ബൈഡന്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ബൈഡന്‍ തിരിച്ചടിക്ക് ഉത്തരവിട്ടു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സള്ളിവന്‍ കൂടിയാലോചന നടത്തി. തുടര്‍ന്ന് ദേശീയ സുരക്ഷാസംഘം ബൈഡനെ ആക്രമണ പദ്ധതികള്‍ അറിയിച്ചു. ഇതില്‍ കതൈബ് ഹിസ്ബുള്ളയും അനുബന്ധ സംഘങ്ങളും ഉപയോഗിച്ച മുന്ന് സ്ഥലങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ബൈഡന്‍ നിര്‍ദേശം നല്‍കി.

Top