U.S Shoot; 3 police officers dead

ലൂസിയാന: യു.എസിലെ ലൂസിയാനയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നു പേരില്‍ ഒരാളുടെ നില ഗുരുതരം.

ലൂസിയാനയിലെ പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ഷോപ്പിങ് പ്ലാസയിലാണ് വെടിവെപ്പുണ്ടായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ അജ്ഞാതനായ തോക്കുധാരി പൊലീസിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
വെടിവെപ്പ് നടത്തിയ മുന്‍ നാവികന്‍ ഗാവിന്‍ ലോങ്

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.40ന് ലൂസിയാനയിലെ ബാറ്റന്‍ റൂഷിലാണ് സംഭവം. മിസൂറി കാന്‍സാസ് സിറ്റി സ്വദേശിയായ തോക്കുധാരിയെ പിന്നീട് പൊലീസ് വധിച്ചു.

വെടിവെപ്പ് നടത്തിയത് മുന്‍ നാവികനായിരുന്ന കറുത്ത വര്‍ഗക്കാരന്‍ ഗാവിന്‍ ഇ. ലോങ് ആണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.

29കാരനായ ഗാവിന്‍ ലോങ് ഇറാഖ് ദൗത്യസേനയില്‍ അംഗമായിരുന്നു.
വെടിവെപ്പില്‍ കൊല്ലപ്പെട്ട മോന്‍ട്രല്‍ ജാക്‌സണ്‍, ബ്രാഡ് ഗാരഫോള, മാത്യു ജെറാള്‍ഡ്

പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രസിഡന്റ് ബറാക് ഒബാമ നടുക്കം രേഖപ്പെടുത്തി. എന്തിന്റെ പേരിലാണെങ്കിലും പൊലീസുകാരെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം അക്രമങ്ങള്‍ക്ക് നീതികരണമില്ലെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ ദിവസം യു.എസിലെ മിനിസോട്ടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് രാജ്യത്ത് വിവിധ ഇടങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ ലൂസിയാനയിലെ വെടിവെപ്പെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബാറ്റന്‍ റൂഷ് പൊലീസ് മേധാവി ജീന്‍ മക്‌നീലി മാധ്യമങ്ങളോട് പറഞ്ഞു.

ലൂസിയാനയിലെ രണ്ടാമത്തെ വലിയ നഗരമാണ് ബാറ്റന്‍ റൂഷ്.

Top