വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവ ഉടമ്പടിയും അമേരിക്കന്‍ തടവുകാരെ മോചിപ്പിയ്ക്കാന്‍ കഴിഞ്ഞതും ശക്തമായ നയതന്ത്രത്തിന്റെ വിജയമെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അമേരിക്കക്കാര്‍ സ്വതന്ത്രരായി നാട്ടിലെത്തിയത് ഏറെ സന്തോഷകരമാണെന്നും ഇത് ആഘോഷിയ്ക്കാമെന്നും വൈറ്റ് ഹൗസ് പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.
പതിറ്റാണ്ടുകളായി ഇറാന്‍ ഭരണകൂടത്തിന്റെ ഭീഷണികളും പ്രകോപനപരമായ നടപടികളുമാണ് അവരെ ഒറ്റപ്പെടുത്തിയിരുന്നതെന്നും ഒബാമ വ്യക്തമാക്കി.
അന്താരാഷ്ട്ര ഉടമ്പടി പ്രകാരം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനെതിരായ ഉപരോധം കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. അമേരിക്കന്‍ ഉപരോധം പിന്‍വലിയ്ക്കുന്ന ഗവണ്‍മെന്റ് ഉത്തരവില്‍ ഒബാമ ഒപ്പുവയ്ക്കുകയും ചെയ്തു.
തടവുകാരെ കൈമാറാനുള്ള കരാര്‍ പ്രകാരം അമേരിക്കയും ഇറാനും കൈമാറ്റം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ടെഹ്‌റാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ ജെയ്‌സണ്‍ റെസയാന്‍ അടക്കമുള്ള നാല് പേരെ മോചിപ്പിച്ചിരുന്നു. പകരം ഏഴ് ഇറാന്‍ പൗരന്മാരെ അമേരിക്കയും മോചിപ്പിച്ചു.
അതേസമയം ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരായ പ്രതിരോധ ഉപരോധം അമേരിക്ക തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വ്യക്തികളേയും 11 സ്ഥാപനങ്ങളേയും അമേരിക്ക ഉപരോധിച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരെ ഇറാന്‍ വിട്ടയച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്. ഇത്തരം നടപടികളും നിരീക്ഷണവും കര്‍ശനമായി തുടരുമെന്ന് ഒബാമ വ്യക്തമാക്കി. 11000 കോടി രൂപയോളമാണ് ഉപരോധം നീങ്ങുന്നതിന്റെ ഭാഗമായി ഇറാന് ലഭിയ്ക്കുക.


