യുക്രൈന്‍ പിടിച്ചടക്കാന്‍ കോപ്പുകൂട്ടി റഷ്യ ! കടുത്ത മുന്നറിയിപ്പുമായി ബൈഡന്‍

വാഷിങ്ടണ്‍: യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നേമുക്കാല്‍ ലക്ഷം സൈനികരെയും പീരങ്കിപ്പടയെയും വിന്യസിച്ച് റഷ്യ അധിനിവേശത്തിന് കോപ്പുകൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ യുക്രൈനുനേരെ റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണമുണ്ടാകുമെന്ന് യു.എസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചതായി ‘വാഷിങ്ടണ്‍ പോസ്റ്റ് ‘ റിപ്പോര്‍ട്ടു ചെയ്തു.

റഷ്യ ലക്ഷത്തോളം സൈനികരെയാണ് അതിര്‍ത്തിക്കു സമീപം അണിനിരത്തിയിരിക്കുന്നതെന്നും, അടുത്തമാസം തങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായേക്കുമെന്നും യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്‌സിയ് റെസ്നികോവ് നേരത്തേ പറഞ്ഞിരുന്നു. നാറ്റോസേനയില്‍ ചേരാന്‍ യുക്രൈനെ അനുവദിക്കരുതെന്ന് പുതിന്‍, ബൈഡനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നൂറുബറ്റാലിയനുകളാണ് അതിര്‍ത്തിയില്‍ തയ്യാറെടുക്കുന്നത്. നിലവില്‍, പ്രധാനമായും നാലുകേന്ദ്രങ്ങളിലെ 50 പോര്‍മുഖങ്ങളില്‍നിന്ന് ആക്രമിക്കാനാണ് പദ്ധതി. ടാങ്കുകളും പീരങ്കിപ്പടകളും ഇതിനായി വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എസ്. രേഖകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, അയല്‍രാജ്യത്തെ ആക്രമിച്ചാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും ഉടന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുമെന്നാണറിയുന്നത്.

അതേസമയം, ആരോപണം റഷ്യ നിഷേധിച്ചു. യുക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയ രാജ്യത്തെ വിമതരുടെ പിന്തുണയോടെ 2014-ല്‍ റഷ്യ പിടിച്ചെടുത്തിരുന്നു. 13,000-ത്തോളം പേരാണ് അന്നത്തെ ഏറ്റുമുട്ടലുകളില്‍ മരിച്ചത്.

Top