പ്രതിഭ എം.എൽ.എക്ക് എതിരായി നടക്കുന്നത് സംഘടിത പകപോക്കൽ !

യു. പ്രതിഭ എന്ന സി.പി.എം എം.എല്‍.എയോട് ഒരു വിഭാഗം മാധ്യമങ്ങള്‍ ഇപ്പോള്‍ കാണിക്കുന്നത് തികഞ്ഞ അസഹിഷ്ണുതയാണ്.

തന്റെ വിവാദമായ പ്രതികരണം എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ലന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. കൃത്യമായ നിലപാടാണിത്.

മറ്റെല്ലാറ്റിനെയും തങ്ങള്‍ക്ക് വിമര്‍ശിക്കാം, തങ്ങള്‍ മാത്രം വിമര്‍ശനത്തിന് അധീതരാണെന്ന ബോധം, ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെങ്കില്‍ അത് അംഗീകരിച്ച് തരാന്‍ എന്തായാലും കഴിയുകയില്ല.

ഇവിടെ പ്രതിഭ ഉപയോഗിച്ച വാക്കിനേക്കാള്‍ നീചമായ വാക്കുകള്‍ ഉപയോഗിച്ച്, എത്രയോ നിരപരാധികളെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയിട്ടുണ്ട്. രാജ്യദ്രോഹിയാക്കി പോലും ചിത്രീകരിക്കപ്പെട്ടവര്‍ പിന്നീട് നിരപരാധികളായി മാറിയ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. അതു കൊണ്ട് കൂടുതല്‍ ന്യായീകരണം, ആരും തന്നെ ഇങ്ങോട്ട് വിളമ്പേണ്ടതില്ല.

ഇവിടെ സി.പി.എം എം.എല്‍.എ ആയത് കൊണ്ടു മാത്രമാണ് പ്രതിഭ വേട്ടയാടപ്പെടുന്നത്. ഇതേ വാചകം മറ്റേതെങ്കിലും പാര്‍ട്ടി എം.എല്‍.എമാരുടെ ഭാഗത്തു നിന്നായിരുന്നെങ്കില്‍ ഒരു പക്ഷേ ഇത്ര വിവാദമാക്കില്ലായിരുന്നു.

അതിഥി തൊഴിലാളികളോടുള്ള പരിഗണനപോലും തനിക്ക് ചില മാധ്യമങ്ങള്‍ നല്‍കുന്നില്ലന്നാണ് പ്രതിഭ പറയുന്നത്. മൂല്യശോഷണം സംഭവിച്ച ചില മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ് താന്‍ പ്രതികരിച്ചതെന്നാണ് അവരുടെ വിശദീകരണം.

ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം നാം പരിശോധിക്കേണ്ടതുണ്ട്.

കൊവിഡ് സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐക്കാര്‍ സോഷ്യല്‍ മീഡിയയില്‍ എം.എല്‍.എക്ക് എതിരായി പോസ്റ്റിട്ടത് തികച്ചും വ്യക്തിപരമാണ്. ഇതിനെയാണ് സംഘടനാ തീരുമാനമായി വ്യാഖ്യാനിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ പര്‍വ്വതീകരിച്ചിരിക്കുന്നത്.

സംസ്ഥാനം മുഴുവന്‍ ഇങ്ങനെ വാര്‍ത്ത നല്‍കി കൊട്ടിഘോഷിക്കുന്നതില്‍ എന്ത് യുക്തിയും മര്യാദയുമാണുള്ളത് ?

കേരളത്തില്‍ മാത്രം, 53 ലക്ഷം പേര്‍ അംഗങ്ങളായ സംഘടനയാണ് ഡി.വൈ.എഫ്.ഐ.

വ്യക്തികളില്‍ പല അഭിപ്രായങ്ങളുമുണ്ടാകും പല താല്‍പ്പര്യങ്ങള്‍ വരെ ഉണ്ടായേക്കാം, അവര്‍ അതെല്ലാം ഫെയ്‌സ് ബുക്കില്‍ പോസ്റ്റിയാല്‍ അത് എങ്ങനെയാണ് ഡി.വൈ.എഫ്.ഐയുടെ അഭിപ്രായമായി മാറുക ?

ഇത് സംഘടനാപരമായ അച്ചടക്കത്തിന്റെ പ്രശ്‌നമാണ് അതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ അവസരം ഉപയോഗിച്ച് ചുവപ്പിന്റെ ചോര കുടിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചിരിക്കുന്നത്.

പ്രതിഭയുടെ പ്രതികരണത്തെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട, പ്രമുഖ മാധ്യമത്തിന്റെ ചീഫ് റിപ്പോര്‍ട്ടറുടെ പ്രതികരണം തന്നെ, പ്രതിപക്ഷ നേതാവിനെ പോലെയുള്ളതാണ്.

നിഷ്പക്ഷമായി മാധ്യമ പ്രവര്‍ത്തനം നടത്തേണ്ട ഇത്തരം ആളുകള്‍, പ്രതിഭയോട് അക്കമിട്ട് ചോദ്യങ്ങള്‍ ചോദിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തിന് അനകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കൊലയാളി വൈറസ് ഭീഷണിയുയര്‍ത്തമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എമാര്‍ വീടുകളില്‍ മീന്‍ വറുത്തും, പാമ്പും കോണിയും കളിച്ചും, കുട്ടികളെ കളിപ്പിച്ചും ആഘോഷിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവൃത്തികളെ വിമര്‍ശിക്കാത്ത മാധ്യമങ്ങളാണിപ്പോള്‍ കൊവിഡില്‍ പ്രതിഭയെ പ്രതികൂട്ടിലാക്കാന്‍ ഓടി നടക്കുന്നത്. ഇതിനെയാണ് ടാര്‍ജെറ്റ് എന്ന് പറയേണ്ടത്.

പ്രതിഭ മാധ്യമങ്ങളാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഒരു നേതാവ് തന്നെയാണ്. ഇവരുടെ കവിത മുതല്‍ വിവാഹമോചനം വരെ വാര്‍ത്താ വിഭവമായിട്ടുണ്ട്. ഭര്‍ത്താവായിരുന്ന വ്യക്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടും നിറം പിടിപ്പിച്ച കഥകളാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചിരുന്നത്.

തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും പുകമറ സൃഷ്ടിച്ചാണ് പ്രതിഭയെ ഒരു വിഭാഗം വേട്ടയാടി കൊണ്ടിരിക്കുന്നത്.

ഇതിനു പിന്നില്‍ ഒരു കോക്കസ് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ആവശ്യം പ്രതിഭ എന്ന യുവ നേതാവിന്റെ തകര്‍ച്ചയാണ്. വീണ്ടും കായംകുളത്ത് നിന്നും ഇവര്‍ എം.എല്‍.എ ആകരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നു. അവര്‍ തയ്യാറാക്കിയ തിരക്കഥ പ്രകാരമുള്ള ഏര്‍പ്പാടുകളാണ് ഇപ്പോള്‍ അവിടെ നടന്നു കൊണ്ടിരിക്കുന്നത്. പ്രാദേശികമായ രണ്ട് യുവജന സംഘടനാ നേതാക്കളുടെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം പര്‍വ്വതീകരിച്ച് വാര്‍ത്തയാക്കിയതും ഇതിന്റെ ഭാഗമാണ്.

പ്രതിഭയുടെ ‘പ്രതിഭ’യിലെ മാറ്റുരച്ച് നോക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍, പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ സ്ഥിതി എന്താണെന്നത് കൂടി അക്കമിട്ട് നിരത്തുന്നത്, താരതമ്യത്തിന് നല്ലതായിരിക്കും.

പ്രതിഭ എന്ന കമ്യൂണിസ്റ്റ് ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ച് എം.എല്‍.എ ആയതല്ല, 2000-ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സാധാരണ പഞ്ചായത്തംഗമായാണ് അവരുടെ തുടക്കം. 27 -മത്തെ വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്റും 32 -മത്തെ വയസ്സില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനു ശേഷമാണ് 2016ല്‍ നിയമസഭയില്‍ എത്തിയത്. ജനങ്ങള്‍ പിന്തുണയ്ക്കാതെ ഇത്തരമൊരു വിജയം പ്രതിഭക്ക് ഒരിക്കലും സാധ്യമാകുകയില്ല. മാധ്യമങ്ങളുടെ പരിലാളനയേറ്റല്ല പ്രതിഭയടക്കം ഒരു കമ്യൂണിസ്റ്റുകാരനും ഇവിടെ വിജയിച്ചിരിക്കുന്നത്. ഇക്കാര്യം വിമര്‍ശകരും ഓര്‍ത്ത് കൊള്ളണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും, അത് സ്വന്തം ജീവിതത്തില്‍ നടപ്പാക്കുകയും ചെയ്ത വ്യക്തി കൂടിയാണ് പ്രതിഭ.

ഡി.വൈ.എഫ്.ഐ ആകെ പ്രതിഭക്കെതിരെ എന്ന മട്ടിലാണ് നിലവില്‍ പ്രചരണം നടക്കുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പ്രാദേശിക പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്നുമാണ് ഡി.വൈ.എഫ്.ഐ ജില്ലാ നേത്യത്വം വ്യക്തമാക്കിയിരിക്കുന്നത്. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടും.

ഒരു കേഡര്‍ സംഘടന എന്ന നിലയില്‍ ഡി.വൈ.എഫ്.ഐക്ക് വ്യക്തമായ സംഘടനാ രൂപമുണ്ട്. അതിലെ പ്രവര്‍ത്തകര്‍ കമ്മറ്റികളിലാണ് അഭിപ്രായം പറയേണ്ടത്.അല്ലാതെ സോഷ്യല്‍ മീഡിയകളിലല്ല, ഇവിടെ പ്രതിഭയെ വിമര്‍ശിച്ച ആ രണ്ടുപേര്‍ ആരുടെ അജണ്ടയാണ് നടപ്പാക്കിയതെന്നാണ് ഡി.വൈ.എഫ്.ഐ നേതൃത്വം ഇനി പരിശോധിക്കേണ്ടത്.

കാരണം പ്രതിഭ എം.എല്‍.എക്ക് എതിരെ ഒരു പോസ്റ്റിട്ടാല്‍ അത് മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്ന് അറിയാത്തവരല്ല ഇവരാരും. ഇവിടെയാണ് ഗൂഢാലോചനയും സംശയിക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് അധികം അകലെ അല്ലാത്തതിനാല്‍ എം.എല്‍.എയുടെ ഇമേജ് തകര്‍ക്കല്‍ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അറിഞ്ഞ് കൊണ്ട് സ്വന്തം പ്രസ്ഥാനത്തെ താറടിക്കുന്ന ഏര്‍പ്പാടാണിത്.

പ്രതിഭക്കെതിരെ പരസ്യമായി പോസ്റ്റിട്ടാല്‍ അവിടെ വ്യക്തിയല്ല, പാര്‍ട്ടിയാണ് പ്രതിരോധത്തിലാവുക. ഇക്കാര്യം അറിഞ്ഞു കൊണ്ട് ചെയ്ത പ്രവൃത്തി അസാധാരണം തന്നെയാണ്.

ഈ സംഭവം ചില മധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയും കോണ്‍ഗ്രസ്സ് നേതാക്കളുടെ വിഷയത്തിലെ പ്രതികരണവും ഏറെ സംശയമുണര്‍ത്തുന്നതാണ്. അത് കൊണ്ട് തന്നെയാണ് പ്രതിഭയ്ക്കും രൂക്ഷമായി പ്രതികരിക്കേണ്ടി വന്നിരിക്കുന്നത്.

കായംകുളം സീറ്റ് പിടിച്ചെടുക്കാന്‍ പറ്റുമോ എന്നത് മാത്രമാണ് കോണ്‍ഗ്രസ്സ് ഇവിടെ നോക്കുന്നത്. അതിന് പ്രതിഭയുടെ ‘പ്രതിഭ’ നഷ്ട്ടപ്പെടുത്തേണ്ടത് അവരുടെയും താല്‍പ്പര്യമാണ്.

പ്രതിഭയെ പ്രതിക്കൂട്ടിലാക്കിയാല്‍ ആ സീറ്റില്‍ മത്സരിക്കാം എന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും അധികാര മോഹികള്‍ വിവാദത്തിന് പിന്നിലുണ്ടോ എന്ന കാര്യം സി.പി.എം നേതൃത്വവും പരിശോധിക്കേണ്ടതാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് ഇത്തരം പ്രവണതകളെ മുളയിലേ നുള്ളികളയേണ്ടത് അനിവാര്യമായ കാര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. സി.പി.എം, ഡി.വൈ.എഫ്.ഐ അണികള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ‘പുകഞ്ഞ കൊള്ളികള്‍’ ഏതായാലും അത് പുറത്ത് തന്നെയാണ് കിടക്കേണ്ടത്.

Express View

Top