യുകെയില്‍ കള്ളനെ പിടിച്ച പൊലീസ് ഞെട്ടിയത് വിഗ് കണ്ട്

യുകെയിലെ കെന്റില്‍ മാസങ്ങളായി നടത്തിയ കളവുകള്‍ക്കൊടുവില്‍ നാല്‍പത്തിനാലുകാരനായ ഡാരെന്‍ ഗാര്‍ഡിന എന്ന കള്ളനെ പിടിച്ച പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് വിഗ് കണ്ടാണ്. മോഷ്ടിച്ച നിരവധി സാധനങ്ങള്‍ക്കൊപ്പം വിവിധ നിറത്തിലും ഘടനയിലുമുള്ള ഒരടുക്ക് വിഗ്ഗുകളാണ് പൊലീസിന് ലഭിച്ചത്.

കഷണ്ടിയായ കള്ളന്‍, ഓരോ കളവ് നടത്തുമ്പോഴും ഓരോ തരത്തിലുള്ള വിഗ് ഉപയോഗിക്കുകയായിരുന്നു. എങ്ങനെയും തിരിച്ചറിയപ്പെടാതിരിക്കാന്‍ കള്ളന് തോന്നിയ ഒരു സൂത്രമായിരുന്നു അത്. ചുരുണ്ടതും, നീളത്തിലുള്ളതും, വൃത്തിയായി ചീകിവച്ചതും, ചിട്ടയില്ലാത്തതും അങ്ങനെ പല സ്വഭാവങ്ങളിലുള്ള വിഗ്ഗുകള്‍. ചിലതിനൊപ്പം മുഖത്ത് ഒരു കണ്ണടയും ഫിറ്റ് ചെയ്യും. ഇതോടെ തന്നെ ആരും തിരിച്ചറിയില്ലെന്ന് കള്ളന്‍ ഡാരെന്‍ കരുതി.

പക്ഷേ അത് വല്ലാത്തൊരു മണ്ടന്‍ ഐഡിയ ആയിപ്പോയി ഇതെന്നാണ് കെന്റ് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേ റോബിന്‍സണ്‍ പറയുന്നത്. കളവുകള്‍ തുടര്‍ക്കഥയായപ്പോള്‍ തന്നെ തങ്ങള്‍ അന്വേഷണം ആരംഭിച്ചിരുന്നുവെന്നും വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഡാരെന്റെ മുഖം പതിഞ്ഞതായി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. വിഗ് മാറിമാറിവന്നുവെന്നല്ലാതെ മുഖത്തിന് മാറ്റമൊന്നും ഇല്ലാത്തത് വ്യക്തമായി ഞങ്ങള്‍ക്ക് മനസിലായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top