Typhoon Meranti hits China after battering Taiwan

ബീജിങ്: സൂപ്പര്‍ ടൈഫൂണ്‍ വിഭാഗത്തില്‍ പെടുന്ന മെറാന്റി ചുഴലി കൊടുങ്കാറ്റ് ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തെ ആശങ്കയിലാഴ്ത്തുന്നു. തായ്‌വാനില്‍ കനത്ത നാശം വിതച്ച ശേഷമാണ് മെറാന്റി ചൈനയെ ലക്ഷ്യം വെച്ച് നീങ്ങുന്നത്.

ഈ വര്‍ഷം ഇതുവരെ രൂപപ്പെട്ട ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റ് എന്നാണ് മെറാന്റിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ വേഗത നിലവില്‍ ഒരു മണിക്കൂറില്‍ 185 മൈലാണ്.

വടക്കു പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ രൂപപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റാണിത്. 2013ല്‍ ഫിലിപ്പീന്‍സില്‍ നാശം വിതച്ച ഹയാന്‍ കൊടുങ്കാറ്റിനെക്കാള്‍ അഞ്ചു മൈല്‍ മാത്രമാണ് ഇതിന് വേഗത കുറവ്. തായ്‌വാനിലുടനീളം മെറാന്റി വന്‍ നാശം വിതച്ചു. പല പ്രദേശങ്ങളുമായുള്ള വാര്‍ത്താ വിനിമയ- ഗതാഗത ബന്ധങ്ങള്‍ പൂര്‍ണമായി നിലക്കുകയും 30ലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 120 വര്‍ഷത്തിനിടെ തായ്‌വാന്‍ കണ്ട ഏറ്റവും വേഗതയുള്ള ചുഴലി കൊടുങ്കാറ്റാണിത്. മെറാന്റി പൂര്‍ണമായും കരയിലേക്കെത്താനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ തീരവും കടന്ന് കൊടുങ്കാറ്റ് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

Top