പബ്ജി കളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ഹിന്‍ഗോയില്‍ പബ്ജി കളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. നാഗേഷ് ഗോര്‍ (24) സ്വപ്നില്‍ അന്നപൂര്‍ണ (22) എന്നിവരാണ് മരിച്ചത്. റെയില്‍വേ ട്രാക്കിന് സമീപത്തായിരുന്ന ഇരുവരെയും ഹൈദരാബാദ് അജ്മീര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പബ്ജി ഗെയിമൂലം അപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനുവരിയില്‍ ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചിരുന്നു.

യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കുമിടയില്‍ വളരെയധികം പ്രചാരമുള്ള ഓണ്‍ലൈന്‍ ഗെയിമായ പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കപ്പേരാണ് പബ്ജി. കുട്ടികള്‍ പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വയ്ക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനയും പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Top