വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

തൃശ്ശൂര്‍: മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

അക്ഷയും സാന്റോയും ഉള്‍പ്പെടെ മൂന്നുപേര്‍ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് അക്ഷയും സാന്റോയും വെള്ളത്തിനടുത്തേക്ക് നിന്നു. മൂന്നാമത്തെയാള്‍ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്തുംനിന്നു.

പാറയിടുക്കിനിടയില്‍ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ്‌ പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

പുറത്തെടുത്തപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്ന് പ്രദേശവാസികളും മറ്റും പറഞ്ഞു. ഒരുകാലത്ത് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്നു. എന്നാല്‍ പിന്നീട് സുരക്ഷ ശക്തമാക്കിയതോടെ അതിന് താല്‍ക്കാലികമായ അവസാനമായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും രണ്ടുജീവനുകള്‍ പൊലിഞ്ഞിരിക്കുകയാണ്.

Top