നോട്ടുനിരോധനത്തിന് ഇന്ന് രണ്ടാണ്ട് ; മോദി രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിസന്ധിയിലാക്കിയ നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികമെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ഇന്ന് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമെന്ന തുഗ്ലക്ക് പരിഷ്‌കാരമെന്ന് വിമര്‍ശിച്ചാണ് മോദി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. നാളെ രാജ്യവ്യാപകമായി ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

നോട്ടുനിരോധനത്തിന് ശേഷമിങ്ങോട്ട് ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത തകര്‍ച്ചയിലാണ്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് പണംവാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ അംഗീകരിക്കാത്തത് ആര്‍.ബി.ഐയും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വരെ എത്തിച്ചിരിക്കുന്നു.

2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദം എന്നിവ നേരിടാന്‍ നോട്ടുനിരോധനം നടപ്പാക്കുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് വ്യക്തമാക്കിയത്. 15.41 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പൊടുന്നനെ നിരോധിക്കപ്പെട്ടത്. ഇതില്‍ നാലര ലക്ഷം കോടി രൂപയെങ്കിലും ബാങ്കുകളിലേക്ക് തിരികെയെത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, 15.31 ലക്ഷം കോടി രൂപ തിരികെ എത്തി. എത്താതിരുന്നത് 10,720 കോടി രൂപ മാത്രം.

Top