രണ്ട് വയസുകാരിയെ കാണാതായ സംഭവം; ദൂരുഹത നീക്കാനാവാതെ പൊലീസ്

തിരുവനന്തപുരം: രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ ദൂരുഹത നീക്കാനാവാതെ പൊലീസ്. ബ്രഹ്‌മോസിന്റെ പുറക് വശത്തെ കാടുകയറിയ പ്രദേശത്തെ ഓടയില്‍ എങ്ങനെ കുഞ്ഞ് എത്തി എന്നതില്‍ വ്യക്തത വരുത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വിവിധയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നിര്‍ണായകമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

മഞ്ഞ സ്‌കൂട്ടര്‍ ചിത്രത്തിലെ ഇല്ല എന്ന നിഗമനത്തിലാണ് പൊലീസ്. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെങ്കില്‍ ഒരു പകല്‍ മുഴുവന്‍ കുഞ്ഞിനെ ഒളിപ്പിച്ചതെവിടെയെന്നതിനും ഉത്തരം കണ്ടെത്താനായില്ല. തട്ടിക്കൊണ്ടു പോയതിന്റെയോ തിരികെ കൊണ്ടുവന്നതിന്റെയോ ഒരു സൂചനയും ഇല്ല. കുട്ടിയെ മാറ്റിയതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ, തട്ടിക്കൊണ്ടു പോകല്‍ നാടകമായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങളും പല കോണുകളില്‍ നിന്നും ഉയരുകയാണ്. കേസില്‍ ഇനി കുഞ്ഞിന്റെ മൊഴിയാണ് നിര്‍ണായകം എന്ന പ്രതീക്ഷയിലാണ് പൊലീസും.

പൊലീസ് പറത്തിയ ഡ്രോണില്‍ പതിഞ്ഞ നിര്‍ണായ ദൃശ്യങ്ങളാണ് കുഞ്ഞിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. എന്നാല്‍ സ്ഥലത്തെ റെയില്‍ പാളത്തിന് അരികിലുള്ള ഓടയിലേക്ക് കുഞ്ഞ് എങ്ങനെ എത്തി എന്നതിലേക്ക് എത്താവുന്ന ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നതില്‍ ഇനിയും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദുരൂഹ സാഹചര്യത്തില്‍ ഒരു വാഹനം പോലും കണ്ടെത്താനായിട്ടില്ല.

Top