ഉത്തര്‍പ്രദേശില്‍ രണ്ടുവയസ്സുകാരിയെ രണ്ടാനച്ഛന്‍ അടിച്ചുകൊന്നു; സംഭവം മദ്യലഹരിയില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ രണ്ടുവയസ്സുകാരിയെ അടിച്ചുകൊന്നു. രണ്ടാനച്ഛന്‍ അറസ്റ്റില്‍. സംഭാല്‍ ജില്ലയിലെ ഹയാത്ത് നഗര്‍ മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും, അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും രണ്ടാമത്തെ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുല്‍ദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തില്‍ യുവതിക്ക് രണ്ട് പെണ്‍മക്കളുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്സ്) എന്നിവരെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോള്‍ മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും ഗുണവത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും, വ്യാഴാഴ്ച രാത്രിയാണ് മുന്നയെ അറസ്റ്റ് ചെയ്തതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Top