ശുചീകരണ പ്രവര്‍ത്തനത്തിനിടെ പത്താം നിലയില്‍ നിന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു.വീഡിയോകോണ്‍ ടവറിന്റെ പത്താം നിലയില്‍ നിന്ന് വീണാണ് തൊഴിലാളികള്‍ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

രാജു ശര്‍മ(22), അഷ്തിയാഖ് ഖാന്‍(23) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിലെ ചില്ല് വൃത്തിയാക്കുന്ന ജോലിക്കിടെ ഇവര്‍ നിന്നിരുന്ന സ്റ്റാന്‍ഡിന്റെ ചരട് പൊട്ടിയതാണ് അപകടകാരണം. ഹെല്‍മെറ്റ്, സേഫ്റ്റി ബെല്‍റ്റ് തുടങ്ങിയ സുരക്ഷാമാര്‍ഗങ്ങള്‍ ഇവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എംഎസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് ശുചീകരണപ്രവര്‍ത്തനത്തിന് കരാര്‍ ഏറ്റെടുത്തിരുന്നത്. സ്ഥാപനത്തിനെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.

Top