സന്നിധാനത്ത് ദ്രുതകർമ്മ സേന ; വലിയ നടപ്പന്തലിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു

ശബരിമല : കനത്ത പ്രതിഷേത്തിനിടെ പൊലീസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമലയിലേക്ക് കയറുകയാണ്. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയേയും വിന്യസിച്ചു.

വലിയ നടപ്പന്തലിലേക്കുള്ള പ്രവേശനം തടഞ്ഞ് അവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ മാറ്റി പൊലീസ് യുവതികളുമായി മുന്നോട്ട് പോകുകയാണ്.

ഷീല്‍ഡ് ഉപയോഗിച്ച് ഭക്തരെ തള്ളിമാറ്റിയാണ് യുവതികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്. വലിയ നടപ്പന്തല്‍ മുതല്‍ സന്നിധാനം വരെ വന്‍ പൊലീസ് സന്നാഹം അണിനിരന്നിട്ടുണ്ട്.

ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അപ്പാച്ചിമേടില്‍ വെച്ച് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. 42 ഉം 44 ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.

Top