ഷോപ്പിയാനില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റൊരു ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റയാളെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

ആപ്പിള്‍ കൊണ്ടുപോകുകയായിരുന്ന ട്രക്കിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ആപ്പിള്‍ കച്ചവടക്കാരെ ലക്ഷ്യം വയ്ക്കുന്ന ആക്രമണത്തില്‍ മൂന്നു ദിവസത്തിനിടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും സുരക്ഷാ സേനയെ അറിയിക്കാതെ ട്രക്ക് ഡ്രൈവര്‍മാര്‍ ഭീകരരുടെ ശക്തികേന്ദ്രങ്ങളിലേക്ക് കടന്നതാണ് ആക്രമണത്തിനു കാരണമായതെന്നും സൈനിക വക്താവ് പറഞ്ഞു.

രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി മുഹമ്മദ് ഇല്യാസാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കൊല്ലപ്പെട്ട രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ സ്വദേശി ജീവനാണ് പരിക്കേറ്റത്

Top