ബംഗ്ലാദേശിൽ ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം; 15 മരണം

ധാക്ക : ബംഗ്ലാദേശിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് അപകടം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരുടെയും പരിക്ക് ​ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു. കൂട്ടിയിടിയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റുകയും ചെയ്തു.

ഇതുവരെ 15 മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഭൈരബിലെ സർക്കാർ അഡ്മിനിസ്ട്രേറ്റർ സാദിഖുർ റഹ്മാൻ എഎഫ്‌പിയോട് പറഞ്ഞു. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ വടക്കുകിഴക്കായാണ് അപകടം നടന്നത്. ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും ബം​ഗ്ലാദേശ് റെയിൽവേ അധികൃതർ പറ‍ഞ്ഞു.

Top