ആലിംഗനം ചെയ്തതിന്റെ പേരിൽ പുറത്താക്കി ; വിദ്യാർത്ഥികളുടെ പഠനം മുടങ്ങി

തിരുവനന്തപുരം : ആലിംഗനം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങി.

തിരുവനന്തപുരം മുക്കോല സെന്റ്. തോമസ് സെന്‍ട്രല്‍ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെയാണ് പഠനം മുടങ്ങിയത്.

ചിത്രങ്ങള്‍ പ്രചരിപ്പിച്ച് മറ്റ് സ്കൂളുകളിലെ പ്രവേശനം നിഷേധിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ആണ്‍കുട്ടിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ സ്കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധിച്ചതായി പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനി വ്യക്തമാക്കി.

എന്നാൽ സി.ബി.എസ്.ഇ അംഗീകരിച്ചാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

മുക്കോല സെന്റ്. തോമസ് സെന്‍ട്രല്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയായ ആണ്‍കുട്ടിയും പ്ളസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുമാണ് സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

കഴിഞ്ഞ ജൂലൈ 21ന് സ്കൂള്‍ കലോല്‍സവ ദിനം സ്റ്റാഫ് റൂമിന് സമീപം വച്ച് സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെ ഇരുവരും ആലിംഗനം ചെയ്തിരുന്നു.

സംഗീത മല്‍സരത്തില്‍ പങ്കെടുത്തതിനെ അഭിനന്ദിച്ച് ആലിംഗനം ചെയ്തതാണെന്ന് വിദ്യാര്‍ത്ഥികളും ഇരുവരുടെയും മാതാപിതാക്കളും അറിയിച്ചെങ്കിലും അച്ചടക്ക ലംഘനമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്.

സസ്പെന്‍ഡ് ചെയ്ത ശേഷം ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ച് മറ്റ് സ്കൂളിലും പ്രവേശനം നിഷേധിച്ചെന്നും പരാതിയുണ്ട്.

ആണ്‍കുട്ടി നിര്‍ബന്ധപൂര്‍വം ആലിംഗനം ചെയ്തതാണെന്ന് എഴുതി നല്‍കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടെന്ന് വിദ്യാര്‍ത്ഥിനിയും ആരോപിക്കുന്നു.

അഞ്ച് മാസമായി പഠനം മുടങ്ങിയതോടെ പരീക്ഷ എഴുതാതെ ഒരു വര്‍ഷം നഷ്ടമാകുന്ന അവസ്ഥയിലാണ് ഇരുവരും. എന്നാല്‍ അഭിനന്ദിക്കാനുള്ള ആലിംഗനമെന്ന വിദ്യാര്‍ത്ഥികളുടെ വാദം തെറ്റാണെന്നും വിദ്യാര്‍ത്ഥികളുടെ ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും മാനേജ്മെന്റ് പറയുന്നു. സ്കൂളിലെ അച്ചടക്കം പ്രിന്‍സിപ്പലിന് തീരുമാനിക്കാമെന്ന് പറഞ്ഞ് ഹൈക്കോടതി മാനേജ്മെന്റ് വാദം ശരിവച്ചിരുന്നു

Top