മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ അഞ്ച് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴ് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടര്‍ന്ന് വൈകിട്ട് ആറ് മണി മുതലാണ് ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയത്. ഏഴ് ഷട്ടറുകളില്‍ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെന്റി മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.

സെക്കന്റില്‍ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയര്‍ന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടര്‍ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കി.

അതേസമയം, മഴ കനത്തതോടെ ആളിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. ആളിയാര്‍ ഡാമില്‍ 11 ഷട്ടറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 4500 ക്യൂസെക്‌സ് ജലമാണ് തുറന്നുവിടുന്നത്.

ആളിയാര്‍ പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Top