ചാര ഉപഗ്രഹങ്ങള്‍ പിന്തുടരുന്നെന്ന് ആരോപണം, റഷ്യയെ ഭയന്ന് അമേരിക്ക!

ന്യൂയോര്‍ക്ക്: റഷ്യക്കെതിരെ കുറ്റപ്പെടുത്തലുമായി അമേരിക്ക. തങ്ങളുടെ ചാര ഉപഗ്രഹത്തെ രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ പിന്തുടരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ വിഷയത്തില്‍ വാഷിങ്ടണ്‍ പ്രതികരണം തേടിയതായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ഗെ റ്യാബ് കോവ് ചൊവ്വാഴ്ച അറിയിച്ചു. തുടര്‍ന്ന് വിഷയം വിശദമായി പഠിച്ച ശേഷം പ്രതികരണം അറിയിക്കുമെന്ന് മറുപടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ ഉപഗ്രഹത്തെ അവര്‍ നവംബറില്‍ ഭ്രമണപഥത്തിലെത്തിക്കുകയും തുടര്‍ന്ന് ചില നിഗൂഢ ലക്ഷ്യങ്ങളോടെ അമേരിക്കന്‍ ഉപഗ്രഹങ്ങളെ അവര്‍ പിന്തുടരുകയുമായിരുന്നെന്ന് ജനറല്‍ ജോണ്‍ റെയ്മണ്ട് ആരോപിച്ചു. അമേരിക്കന്‍ ഉപഗ്രഹത്തിന്റെ 100 മൈലുകള്‍ക്കപ്പുറം(160 കിലോമീറ്റര്‍) റഷ്യയുടെ ഉപഗ്രഹം എത്തിയതായും ജനറല്‍ റെയ്മണ്ട് പറഞ്ഞു.

റഷ്യയുടെ ഈ നീക്കം അമേരിക്കയെ ഏറെ ഭയപ്പെടുത്തുന്നു എന്നത് വ്യക്തമാണ്. ഇത് ബഹിരാകാശ അതിര്‍ത്തിയില്‍ വലിയ അപകടം ഉണ്ടാക്കുമെന്നും റെയ്മണ്ട് പറഞ്ഞു. 2017 ല്‍ റഷ്യ വിന്യസിച്ച ഇന്‍സ്‌പെക്ടര്‍ സാറ്റലൈറ്റുകള്‍ക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ പിന്തുടരുന്ന ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനമെന്ന് ജനറല്‍ റെയ്മണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top