മരണശിക്ഷ നേടാന്‍ എളുപ്പവഴി; സഹതടവുകാരെ കൊന്ന പ്രതികളെ കൊല്ലാതെ കൊല്ലാന്‍ കോടതി

രണശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മരണശിക്ഷ ചോദിച്ച് വാങ്ങാനായി ആളുകള്‍ ശ്രമിക്കുന്നതായി കേള്‍ക്കുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരവെയാണ് മരണശിക്ഷയാണ് ഇതിലും ഭേദമെന്ന് ആ രണ്ട് തടവുകാര്‍ക്ക് തോന്നിയത്. ഇതിനായി അവര്‍ കണ്ട എളുപ്പവഴി എന്താണെന്നോ, നാല് സഹതടവുകാരെ വകവരുത്തുക. പക്ഷെ ആ പദ്ധതി തിരിച്ചടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഇരട്ടകൊലപാതകങ്ങള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങിയാണ് 38കാരന്‍ ഡെന്‍വര്‍ സിമണ്‍സും, 28കാരന്‍ ജേക്കബ് ഫിലിപ്പും ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ എത്തിയത്. എന്നാല്‍ പുതിയ കൊലപാതകങ്ങള്‍ കൂടി നടത്തിയതോടെ കൂടുതല്‍ ജീവപര്യന്തങ്ങളാണ് കോടതി അധികമായി കൂട്ടിച്ചേര്‍ത്തത്. ഇരകളുടെ കുടുംബം പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതോടെയാണ് മരണം കൊതിച്ച കുറ്റവാളികള്‍ ആപ്പിലായത്.

44കാരന്‍ വില്ല്യം സ്‌ക്രഗ്‌സ്, 56കാരന്‍ ജിമ്മി ഹാം, 35കാരന്‍ ജാസണ്‍ കെല്ലി, 52കാരന്‍ ജോണ്‍ കിംഗ് എന്നിവരാണ് ജയിലില്‍ വെച്ച് കൊല്ലപ്പെട്ടത്. എന്നാല്‍ ഇതിന്റെ പേരില്‍ ഡെന്‍വറിനും, ജേക്കബിനും വധശിക്ഷ നല്‍കി കാര്യങ്ങള്‍ എളുപ്പമാക്കരുതെന്ന് ബന്ധുക്കള്‍ വാദിച്ചു. ഒരു സ്ത്രീയെയും, കുട്ടിയെയും കൊന്ന കേസില്‍ രണ്ട് ജീവപര്യന്തങ്ങളാണ് ഇവര്‍ അനുഭവിച്ച് വരുന്നത്.

ഇതിന് പുറമെ ആറ് ജീവപര്യന്തങ്ങള്‍ കൂടിയാണ് കോടതി ഇവര്‍ക്ക് വിധിച്ചത്. യുഎസ് കൊളംബിയയിലെ അതീവസുരക്ഷാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

Top