പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ട് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി പൊയിലിങ്ങൽ വീട്ടിൽ ഷെഫീർ (37), പനമ്പിക്കുന്ന് സ്വദേശി മുറിത്തറ വീട്ടിൽ ഷിനാജ് (39) എന്നിവരെയാണ് കയ്പമംഗലം എസ് ഐ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ചെന്ത്രാപ്പിന്നി അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്ത് വെച്ചാണ് ബസിന് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിൻ്റെ മുൻവശത്തെ ചില്ല് തകർന്നിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. നൂറോളം സി സി ടിവികൾ പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. എസ് ഐ പാട്രിക്ക്, സീനിയർ സി പി ഒ വഹാബ്, സ്പെഷ്യൽ ബ്രാഞ്ച് സി പി ഒ ഫാറൂഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Top