തൃശൂര്‍: മാള വൈന്തലയില്‍ വെള്ളക്കെട്ടില്‍ മുങ്ങി രണ്ടു പേര്‍ മരിച്ചു. വൈന്തല സ്വദേശി തോമസ്, ഗോപിനാഥന്‍ എന്നിവരാണ് മരിച്ചത്.
നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അളുവശേരി സ്വദേശി അജിത്തിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 10 ആയി.
അതേസമയം, സംസ്ഥാനത്തെ എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഉണ്ടായിരുന്ന റെഡ് അലേര്‍ട്ട് കൂടിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. പലസ്ഥലങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ഏഴ് ജില്ലകളില്‍ വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.