മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: താനൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ മേറില്‍ വേലായുധന്‍ (63), പെരുവലത്ത് അച്യുതന്‍ (60) എന്നിവരാണ് മരിച്ചത്. രാവിലെ 8.30-ന് മൂലക്കലിലെ ഒരു പുതിയ വീടിനോട് ചേര്‍ന്നുള്ള കിണര്‍ നിര്‍മിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മുകള്‍തട്ടിലുള്ള മണ്ണ് എല്ലാ ഭാഗത്തുനിന്നും കിണറിനകത്ത് പണിയെടുത്തുകൊണ്ടിരുന്ന വേലായുധന്റേയും അച്യുതന്റേയും പുറത്തേക്ക് വീഴുകയായിരുന്നു.

ആറ് പേരാണ് പണിക്കുണ്ടായിരുന്നത്. അതേസമയം, കിണറിന് മുകളില്‍ നിന്നിരുന്ന നാലുപേര്‍ അപകടസമയത്ത് ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവനോടെ രക്ഷിക്കാനായില്ല.

ആഴത്തിലുള്ള കിണര്‍ ആയതിനാല്‍ ഒരേ സമയം രണ്ടു ജെ.സി.ബികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇവിട നല്ല മഴയുണ്ടായിരുന്നു. ഇതാകാം കിണര്‍ ഇടിയാന്‍ കാരണമെന്നാണ് കരുതുന്നത്.

Top