യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മംഗലാപുരം: സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരെ സ്വദേശി ഷഫീഖ്, സാക്കിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാക്കിര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്.

കഴിഞ്ഞ ദിവസം ബെല്ലാരെയില്‍നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ ആറ് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീണ്‍ നെട്ടാരുവി(26)നെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് അക്രമിസംഘം എത്തിയതെന്നാണ് പോലീസിന് ലഭിച്ചവിവരം. ഇതോടെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Top