അസമില്‍ ജനങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ധോല്‍പ്പൂര്‍: അസമിലെ ധോല്‍പ്പൂരില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്കിടെ പൊലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പ്രദേശവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ക്കും ഒട്ടേറെ പ്രദേശവാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചു.

അതേസമയം, സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ കയ്യേറ്റക്കാര്‍ ആക്രമിച്ചപ്പോഴാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്നാണ് പൊലീസിന്റെ പക്ഷം. പ്രദേശവാസികള്‍ വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായാണ് ആരോപണം. നടപടി വിവാദമായ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ച് പൊലീസ് പിന്‍വാങ്ങിയെന്നാണ് വിവരം.

പ്രതിഷേധക്കാര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്കിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. കാര്‍ഷിക പദ്ധതിക്കായി ഭൂമി തിരിച്ചുപിടിക്കുന്നതിന് ജൂണില്‍ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തതാണെന്നും കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു എന്നുമാണ് സര്‍ക്കാര്‍ വാദം. 800 വീടുകള്‍ ഇതിനകം പദ്ധതിക്കായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top